Thursday, 4 March 2010

പെണ്ണുപിടുത്തം

രാത്രി ഒമ്പത് മണിയോടടുത്ത് ലോഡ്ജിന്റെ വാതിലില്‍ മുട്ട് കേട്ട് കതക് തുറന്നു. വി കെ എന്റെ പയ്യനേക്കാളും പ്രായം കുറഞ്ഞ നമ്മുടെ ഒരു സ്വന്തം പയ്യന്‍ തിരി കത്തിക്കയറുന്ന അമിട്ട് പോലെ മുന്നില്‍.
"എന്ത് പറ്റിയെഡെ ആകെ ഒര് പരവേശം...കുളിരുന്ന രാത്രിയില്‍ നീയാകെ വിയര്‍ത്തിരിക്കുന്നല്ലൊ....?"
"അണ്ണാ, ഫ്രാങ്ക്‌ലി സ്പീക്കിങ്ങ്......പെണ്ണ് പിടിക്കണം...!"
"എന്തെഡെ ഇങ്ങനെ ധിടീര്‍ന്ന്....?!"
"ഇനി കണ്‍ട്രോള്‍ ചെയ്യാനാകില്ലണ്ണാ...സിരകളില്‍ ഹോര്‍മോണ്‍സ് അണപൊട്ടിക്കുന്നു...!"
"നിനക്ക് സ്വയം സാന്ത്വനിപ്പിച്ചുകൂടെ....?!"
"സ്വയം സാന്ത്വനിപ്പിച്ച് സ്ന്ത്വനിപ്പിച്ച് ഞാന്‍ ഹൃദിക് റോഷനേപ്പോലെ മസ്സില്‍ മാനായി മാറി.....!"
പയ്യന്‍ ശോകഭാവത്തില്‍ വലതുകയ്യിലെ മസ്സില്‍ ഉരുട്ടിക്കാണിച്ചു.
"സിഡി..ഡി വി ഡി കളുടെ നേര്‍ക്കാഴ്ച്ചകള്‍ നിന്റെ ഉള്ളം തണുപ്പിക്കുമൊ....?" വേദാന്തഗ്രന്ഥങ്ങളുടെയിടയില്‍നിന്നും ഒരു ഡി വി ഡി എടുത്തുകൊണ്ട് ഞാന്‍ ചോദിച്ചു.
പയ്യന്‍ കൈ നീട്ടി വിലക്കിക്കൊണ്ട് പറഞ്ഞു.
"അണ്ണാ എരിതീയില്‍ എണ്ണ ഒഴിക്കരുത്..."
"ശരി...എന്താ നിന്റെ മനോമുകുരത്തില്‍....?"
"ടൗണില്‍ ഒരു ബ്ലാക് തമിഴ് ശെല്‍വിയുണ്ട്...അവിടെ അഭയം പ്രാപിക്കണം....അന്‍പത് ക ആണ് ഫീസ്സ്.....ഭണ്ഡാരം പൊട്ടിച്ച് സംഖ്യ ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട്..."
നാടകത്തിലെ കാര്‍ന്നവരേപ്പോലെ ഞാന്‍ നടുങ്ങി...
"അടാ പാവി...ലിഗയോനീസംഗമം പാപം, പത്ര ചാനല്‍ മാധ്യമാതി വോയര്‍ ആയി ഭവിഷ്യന്തി...എന്ന വേദാന്ത തത്വം നീ മറന്നുവോ...!"
എത്ര പറഞ്ഞിട്ടും പയ്യന്‍ അടങ്ങിയില്ല.ഒടുവില്‍ ഞാന്‍ അവന് കൂട്ട് പോയി. വിലക്കയറ്റത്തോടനുബന്ധിച്ച് തമിഴ് ശെല്‍വി റെയിറ്റ് കൂട്ടിയെന്ന നടുക്കുന്ന വാര്‍ത്തയറിഞ്ഞ പയ്യന്റെ സപ്തനാഡികളും തളര്‍ന്നുപോയി.' ചേച്ചീ...ചേച്ചീ പ്ലീസ് ചേച്ചീ' എന്ന് അവന്‍ തറവരെ താഴുന്നത് കണ്ടപ്പോള്‍ എന്റെ തൊലി ഉരിഞ്ഞ് നിലത്ത് വീണു...'അണ്ണാ ഒന്ന് പറയണ്ണാ...അക്കാാാാ...അക്കാാാ....'.നീണ്ട യാചനക്കൊടുവില്‍ അവര്‍ അവനോട് കരുണ കാട്ടി......രണ്ട് പേരും കുറ്റിക്കാടിന്റെ ഇരുട്ടില്‍ മറഞ്ഞപ്പോള്‍ മനുഷ്യര്‍ എത്ര നിസഹായരാണെന്ന് ഓര്‍ക്കുകയായിരുന്നുഞാന്‍....ഹോര്‍മോണടക്കം എന്തിന്റെയൊക്കെ തടവുകാരാണവര്‍...ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് പയ്യന്‍ തിരിച്ച് വന്നത്. ലോല ഹൃദയനായ പയ്യന്‍ ശെല്‍വിയുടെകൂടെ തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടിയൊ എന്നുവരെ ഞാന്‍ സംശയിച്ചു. തിരിച്ച് പോകുമ്പോള്‍ കാറ്റ് പോയ ബെലൂണ്‍ പോലെ പയ്യന്‍ ബലഹീനനായിരുന്നു. സത്യത്തില്‍ പോയ കാര്യം നടത്താന്‍ അവനായില്ല....പിന്നീടാണ് അവന്‍ അത് എന്നോട് പറഞ്ഞത്...ഒന്നരമണിക്കൂര്‍ സമയം അവള്‍ സംസാരിക്കുകയും കരയുകയും ആയിരുന്നു....ടൗണിലെ ബാറില്‍ ക്ലീനിങ്ങിനുവന്ന ഒരു തമിഴനുമായി അവള്‍ പ്രേമത്തിലായിരുന്നത്രെ...ഇനി ഈ പണിക്ക് പോകേണ്ടെന്നും ചിലവിനുള്ള കാശ് കൊടുത്തോളാമെന്നും അയാള്‍ പറഞ്ഞു. അവള്‍ പരുപാടി നിര്‍ത്തി...ഈ സംഭവം അവളുടെ കസ്റ്റമേഴ്‌സിനെ ശത്രുക്കളാക്കിമാറ്റി...അവര്‍ അവളുടെ കാമുകനെ തല്ലിയോടിച്ചത്രെ....ഇപ്പോള്‍ അയാള്‍ എറണാകുളത്തുള്ള ഏതോ ബാറില്‍ ഉണ്ടെന്ന് അവള്‍ അറിഞ്ഞു...എറണാകുളത്ത് എത്ര ബാറുകള്‍ ഉണ്ട്...അതില്‍ എവിടെപ്പോയാണ് അന്വേഷിക്കേണ്ടത്...അവള്‍ക്ക് അതിനുള്ള അറിവും ശേഷിയും ഇല്ലായിരുന്നു.....
"നീയോന്നും ചെയ്തില്ലെ......?"
ഞാന്‍ ചോദിച്ചു.
"ഉമ്മകൊടുത്തു..."
"എവിടെ...?"
"കവിളില്‍...പക്ഷെ മൊത്തം കണ്ണീരിന്റെ ഉപ്പായിരുന്നണ്ണാ..!"
"കാശ് കൊടുത്തൊ...?"
"ഉം..പക്ഷെ അവള്‍ വാങ്ങിയില്ല...ജോലിചെയ്യാതെ കാശ് വാങ്ങില്ലെന്ന് പറഞ്ഞു...!"
അധികം സംസാരിക്കാതെ ഞങ്ങള്‍ പിരിഞ്ഞു. ഒരാഴ്ച്ച കഴിഞ്ഞാണ് അവന്‍ പിന്നെ റൂമില്‍ വന്നത്.
"നീ എവിടെയായിരുന്നു...കോളെജില്‍ കണ്ടില്ലല്ലൊ....?"
പയ്യന്‍ പുഞ്ചിരിയോടെ ഒരു തുണ്ട് പേപ്പര്‍ നീട്ടിക്കോണ്ട് പറഞ്ഞു.
"ഞാന്‍ എറണാകുളത്തായിരുന്നു...അയാളെ അന്വേഷിച്ച് കണ്ടുപിടിച്ചു...അത് അഡ്ഡ്രസ്സാ...ഇന്ന് രാത്രി ഇത് അവളുടെ കയ്യില്‍ എത്തിക്കണം....അണ്ണന്‍ വരണം....."
"ഞാന്‍ വരില്ല..."
അത് തിരിച്ച് നീട്ടിക്കൊണ്ട്്് ഞാന്‍ പറഞ്ഞു.
"അണ്ണാ എനിക്ക് തന്നെ പോകാന്‍ പേടിയാ...കഷ്ടപ്പെട്ട് കണ്ട് പിടിച്ച അഡ്രസ്സാ....വീട്ടിലറിയാതെ മോതിരം വിറ്റാ ഞാന്‍ എറണാകുളത്തിന് പോയത്....."
ഞാന്‍ അവനെ സഹതാപത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.
"അവളെ മിനിങ്ങാന്ന് നാട്ടുകാര്‍ തല്ലിയോടിച്ചു....അവള്‍ ജീവനുംകൊണ്ട് എങ്ങോ പോയി...."
അവന്‍ എന്റെ നേരേ തുറിച്ച് നോക്കിക്കൊണ്ട് കുറേനേരം മുറിയില്‍ ഇരുന്നു. പിന്നെ ആ പേപ്പര്‍ ചുരുട്ടി മുറിയുടെ മൂലയിലേക്ക് എറിഞ്ഞിട്ട് ഇറങ്ങിപ്പോയി.

Thursday, 25 February 2010

അദ്ധ്യാപകന്‍ സാഡിസ്റ്റാകുമ്പോള്‍....

ഗുരുവിനെ ദൈവത്തേപ്പോലെ കാണണമെന്നാണ് ചെറുപ്പംമുതലേ നമ്മെ പഠിപ്പിക്കുന്നത്. സത്യവുമാണ്...പക്ഷെ തെറ്റിധരിക്കപ്പെടുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും ഗുരുവും അദ്ധ്യാപകനും ഒന്നാണെന്നാണ്...സത്യത്തില്‍ അവര്‍ കടലും കടലാടിയും പോലെ വ്യത്യസ്തരാണ്....ഗുരുക്കന്മാര്‍ സത്യദര്‍ശികളത്രെ... അദ്ധ്യാപകര്‍ കുറേ വിവരങ്ങള്‍ ശേഖരിച്ചുവച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടര്‍ പോലെയാണ്. അത്ര മഹത്വമേറിയ വിവരങ്ങളാണ് ഹാര്‍ഡ് ഡിസ്‌കില്‍ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും, മോശപ്പെട്ട ഡേറ്റായാണതെങ്കിലും പ്രോസസറിന്റെ എബിലിറ്റിയെ അതോന്നും ബാധിക്കുന്നില്ല. അതുപോലെ ഒരു മനുഷ്യന്റെ ശാസ്ത്രത്തിലൊ ചരിത്രത്തിലൊ ഒക്കെയുള്ള വിജ്ഞാനം അയാളുടെ വ്യക്തിത്വത്തിന്റെ നിലവാരത്തെ ഉയര്‍ത്തുന്നതായി കാണുന്നില്ല...നേരേമറിച്ച് ഒരാള്‍ എത്ര നാഗരികനാണോ അത്രക്ക് അയാള്‍ മലിനചിത്തനാകുമെന്ന് കാണാം...കാരണം കൂടുതല്‍ നാഗരികനാകുംതോറും അയാള്‍ക്ക് തന്റെ വ്യക്തിജീവിതത്തേക്കാളും സാമൂഹികജീവിതത്തിന്, തന്റെ സൂപ്പര്‍ ഈഗോയിക്ക്്് പ്രാധാന്യം െകാടുക്കേണ്ടിവരുന്നു. എല്ലാ സമൂഹങ്ങളും കള്ളത്തരത്തില്‍ അധിഷ്ടിതമാണ്...നുണയിലാണ് അത് ജീവിക്കുന്നത്...ഒരു മിനിട്ട് എല്ലാ മനുഷ്യരും സത്യം മാത്രം പറഞ്ഞാല്‍ ലോകത്തുള്ള മിക്ക വ്യക്തിബന്ധങ്ങളും തകര്‍ന്നടിയും എന്ന് പറഞ്ഞത് ഫ്രോയിഡ് അമ്മാവനാണെന്നാണ് ഓര്‍മ്മ...അദ്ധ്യാപകര്‍ സമൂഹത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന തൊഴിലാളികളാണ്. ഏതൊരു തൊഴിലും ആത്മാത്ഥമായി അര്‍പ്പണബുദ്ധിയോടെ, ചെയ്യുന്നവര്‍ക്ക് സ്വാഭാവികമായി വന്നുചെരേണ്ട ബഹുമാനത്തേക്കാള്‍ കൂടുതല്‍ ഇവര്‍ ആഗ്രഹിക്കുകയും സമൂഹം അത് നല്‍കുകയും ചെയ്യുന്നു. അപുര്‍വ്വം ചിലര്‍ മാത്രം അത് അര്‍ഹിക്കുന്നുമുണ്ട്.....എന്റെ അനുഭവത്തില്‍ കൂടുതലും കള്ളനാണയങ്ങളാണ്. അദ്ധ്യാപകനായി മാറുവാന്‍ ഒരാള്‍ ആഗ്രഹിക്കുന്നതിനുപിന്നില്‍ ബോധപൂര്‍വ്വവും അബോധപൂര്‍വ്വവുമായ കാരണങ്ങള്‍ പലതുണ്ട്...എന്തുകൊണ്ട് എനിക്ക് ഒരു അദ്ധ്യാപകനാകണം എന്ന് ഒരാള്‍ക്ക് സ്വയവും മറ്റുള്ളവരോടും വിശദികരിക്കുവാന്‍ പറ്റുന്ന കാരണങ്ങള്‍ ആണ് ബോധപൂര്‍വ്വമുള്ള കാരണങ്ങള്‍. കാരണങ്ങള്‍ മിക്കവാറും ഋജുവായതും നല്ലതും ശ്ലാഘനീയവും ഒക്കെയായിരിക്കും, ഇതാണ് എല്ലാവരും പൊതുവായിചര്‍ച്ച ചെയ്യുന്നത്. അബോധകാരണങ്ങള്‍ പലതുണ്ടെങ്കിലും പ്രധാനപ്പെട്ടത് ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ് എന്ന് ഇംഗ്ലീഷില്‍ പറയുന്ന അധമബോധമാണ്. സ്വയം മതിപ്പില്ലായ്മ. മിക്കവരിലും ചെറിയൊരളവിലെങ്കിലും ഇതിന്റെ അംശം കാണാമെങ്കിലും ഇത് ഒരു രോഗാവസ്ഥയില്‍ എത്തിയവര്‍ കാണിക്കുന്ന പ്രഥാനപ്പെട്ട ലക്ഷണമാണ് അധികാരത്തോടുള്ള ആര്‍ത്തി...അവര്‍ രാഷ്ട്രീയക്കാരായി മാറുന്നു. പക്ഷെ അധികാരം നേടണമെങ്കില്‍ ആര്‍ത്തിമാത്രം പോരല്ലോ...പല കഴിവുകളും വേണം.....അങ്ങനെയുള്ളവര്‍ക്ക് പുരോഹിതന്മാരായിമാറാം..ഒരു കഴിവും ഇല്ലെങ്കിലും നിങ്ങള്‍ ആദരിക്കപ്പെടും...രാഷ്രീയത്തില്‍ ശോഭിക്കണമെങ്കില്‍ അഭിനയത്തില്‍ നിപുണനായിരിക്കണം. നവരസങ്ങള്‍ നിക്ഷ്പ്രയാസം മുഖത്ത് വരുത്താന്‍ കഴിയണം...പുരോഹിതനാകുന്നതാണ് എളുപ്പം ഒരേയൊരു രസം മാത്രം പഠിച്ചാല്‍ മതി...എല്ലാമറിയുന്ന ദൈവീകമായ മൃദുമന്ദഹാസം മാത്രം മതി. ഹൃദയത്തിന്റെ അവിശുദ്ധിയും ആത്മാവിലെ ഇരുട്ടും ഒരു ഭാവംകൊണ്ട് മറക്കാന്‍ പഠിച്ചാല്‍ മാത്രം മതി.....

കൊച്ചുകുട്ടികളില്‍ അധികാരം സ്ഥാപിക്കാന്‍ എളുപ്പമാണ്...അദ്ധ്യാപകനായാലും മതി....എല്ലാ അദ്ധ്യാപകരും അധികാരക്കൊതികൊണ്ടാണ് അദ്ധ്യാപനം തിഞ്ഞെടുക്കുന്നത് എന്ന് പറയാന്‍ പറ്റില്ല...ചിലര്‍...അവരേപ്പറ്റിയാണ് പറയുന്നത്..

നാലാം ക്ലാസ്സില്‍ ഞങ്ങളെ കണക്ക് പഠിപ്പിച്ച മോഹന്‍സാര്‍ അങ്ങനെയൊരാളായിരുന്നു. ഒരു യമഹാ ആര്‍ എക്‌സ് ഹണ്‍ഡ്രഡ് ബൈക്കിലാണ് അയാള്‍ സ്‌കൂളില്‍ വന്നിരുന്നത്. വായുവില്‍ ശീല്‍ക്കാരത്തോടെ അയാളുടെ ചൂരലുകള്‍ പുളഞ്ഞു. ഞങ്ങളുടെ ഒമ്പത് വര്‍ഷം മാത്രം വളര്‍ന്ന കുരുന്ന് തുടയിലും ചന്തിയിലും നടുവിലും ചൂരലുകള്‍ വൈദ്യുതി പ്രവഹിപ്പിച്ചു. അയാളുടെ പിര്യഡ് തുടങ്ങുമ്പോഴേ ഞങ്ങളുടെ പിഞ്ചുഹൃദയങ്ങള്‍ പ്രാണഭയത്തോടെ മിടിച്ചിരുന്നു. ചോരയൊലിക്കുന്ന തുടയുമായി എത്രയോ ദിവസങ്ങള്‍ ഞാന്‍ വീട്ടില്‍ കയറിച്ചെന്നിട്ടുണ്ട്....രക്തം പറ്റിയ നിക്കര്‍ അലക്കി മടുത്തപ്പോള്‍ മമ്മി പപ്പായോട് പറഞ്ഞ് ഒരു ലെറ്റര്‍ എഴുതിത്തന്നു...ബഹുമാനപ്പെട്ട മോഹന്‍ സാര്‍, ഇനി എന്റെ മകനെ തല്ലരുത്.......അങ്ങനെ ഒരെഴുത്ത്. പക്ഷെ ഞാന്‍ വീണ്ടും കണക്ക് തെറ്റിച്ചപ്പോള്‍ അയാള്‍ പറഞ്ഞു...നിന്റെ അപ്പന്‍ പറഞ്ഞത് നിന്നെ തല്ലരുതെന്നാ പക്ഷെ നിന്നെ തല്ലാതിരിക്കാന്‍ എനിക്കാവില്ല.....മിനിമം അഞ്ച് അടിയെങ്കിലും ദിവസവും കിട്ടിയിരുന്നു, വീട്ടില്‍ ചെന്ന് ഉറങ്ങുന്നതുവരെ വേദന പോകില്ല...ചോരപൊടിച്ചും തിണര്‍ത്തും കിടക്കുന്ന പാടുകള്‍....ഞാന്‍ അതില്‍ എണ്ണപുരട്ടി കിടന്നുറങ്ങും...വയറ്റില്‍ വേദനയാണെന്ന് പറഞ്ഞ് കുറേനാള്‍ ഞാന്‍ സ്‌കൂളില്‍ പോകാതെ രക്ഷപെട്ടു. അപ്പെന്‍ഡിസൈറ്റിസ് ആണ് ഓപ്പറേഷന്‍ വേണം എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അത്ഭുതകരമായി വേദന ഇല്ലാതായി....മോഹന്‍സാറില്‍നിന്നും രക്ഷപെടാന്‍ ഞങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗവും ഇല്ലായിരുന്നു...ഒടുവില്‍ ഗീവര്‍ഗ്ഗീസ് പുണ്യാളനെ ഞങ്ങള്‍ ശരണം പ്രാപിച്ചു. ഞങ്ങള്‍ അഞ്ചുപേര്‍......കപ്പിലണ്ടി പെറുക്കിവിറ്റും റബ്ബര്‍ക്കാ വിറ്റും വീട്ടില്‍ നിന്ന് മോഷ്ടിച്ചും സമ്പാദിച്ച കുറേ നാണയത്തുട്ടുകള്‍ ഗീവര്‍ഗ്ഗീസ് പുണ്യാളന് നേര്‍ച്ചയിട്ടുകൊണ്ട് പ്രാര്‍ത്ഥിച്ചു. മോഹന്‍സാറിന്റെ കൈ ബൈക്കേന്ന് വീണ് ഒടിയണേ...ഒടിഞ്ഞുപോണേ.....പുണ്യാളന്‍ കുതിരപ്പുറത്തുവന്ന് വലിയ ഒരു ഓന്തിനെ കുന്തത്തിന് കുത്തിക്കൊല്ലുന്ന പള്ളിയിലെ പ്രതിമ ഞങ്ങളുടെ അത്ഭുതാദരവുകള്‍ പിടിച്ചുപറ്റിയിരുന്നു. ഇത്ര വലിയ കാര്യം ചെയ്യുന്ന പുണ്യാളന് ഒരു ബൈക്ക് ആക്‌സിഡന്റ് എത്ര നിസ്സാരം...മോഹനന്‍ ബൈക്കില്‍ പാഞ്ഞുപോകുമ്പോള്‍ കുന്തം ഒന്ന് നീട്ടിക്കൊടുത്താല്‍ പോരെ....നിസ്സാരകാര്യം.....പക്ഷെ ഞങ്ങളുടെ തന്ത്രപൂര്‍വ്വമുള്ള നീക്കം മോഹന്‍സാര്‍ എങ്ങനെയൊ അറിഞ്ഞു...ഞങ്ങളെ തലങ്ങും വിലങ്ങും അയാള്‍ അടിച്ചു...ഗീവര്‍ഗ്ഗീസ്സ് പുണ്യാളനും കാല് വാരിക്കളഞ്ഞു.

എന്റെ മനസ്സില്‍ ചുരലിന് അടികൊണ്ടതുപോലെ തിണര്‍ത്ത് കിടക്കുന്ന ഓര്‍മ്മ ചിഞ്ചു എന്ന പെണ്‍കുട്ടിയെ അയാള്‍ തല്ലിയതിന്റേതാണ്....സാറിന്റെ ഇരിപ്പിടത്തിന്റെ സൈഡില്‍ ചിഞ്ചു നില്‍ക്കുന്നു..ചൂരല്‍ ഓങ്ങിപ്പിടിച്ചുകൊണ്ട് മോഹന്‍സാര്‍ ചോദ്യം ചോദിക്കുന്നു...ചിഞ്ചുവിന്റെ ചുണ്ടും ദേഹവും സ്വരവും വിറക്കുന്നുണ്ട്...കശാപ്പ് ശാലയില്‍ ആടിനെ കൊല്ലുന്നത് മറ്റ് ആടുകള്‍ നോക്കിനില്‍ക്കുന്നതുപോലെ......വിതുമ്പുന്ന...പിടക്കുന്ന ഹൃദയത്തോടെ ഞങ്ങള്‍ സഹപാഠികള്‍ നോക്കിയിരുന്നു...ശീല്‍ക്കാരത്തോടെ ഓരോ അടി വീഴുമ്പോഴും ചിഞ്ചുവിനൊപ്പം ഞങ്ങളും നടുങ്ങി. എട്ടോ പത്തോ അടി കഴിഞ്ഞപ്പോള്‍ പെട്ടന്ന് ഒരടിക്കൊപ്പം ചിഞ്ചുവിന്റെ കാലിലൂടെ മൂത്രം ഒഴുകി....ചിലകുട്ടികള്‍ ഉറക്കെ ചിരിച്ചു...ദേ ചിഞ്ചു മുള്ളി....ആരോക്കയോ പറഞ്ഞു. മോഹന്‍സാര്‍ ആശ്ചര്യ ഭാവത്തില്‍ പുഞ്ചിരിച്ചുകൊണ്ട് താടിയില്‍ ചൂണ്ടുവിരല്‍ ഊന്നി ചിഞ്ചുവിനെ നോക്കിയിരുന്നു. ഭയന്നും നാണംകെട്ടും നനഞ്ഞ് വിറക്കുന്ന ഒരു കിളിക്കുഞ്ഞിനേപ്പോലെ ചിഞ്ചു തലകുനിച്ചുനിന്നു....എന്റെ കൊച്ചുശരീരത്തില്‍ നിന്നും അദൃശ്യനായ എന്റെ ആത്മാവ് പുറത്തേക്ക് കുതറിച്ചാടി...മോഹന്‍സാറിന്റെ ചെവിട്ടത്ത് മാറിമാറി അടിച്ചു.......ഒരു പക്ഷെ ചിഞ്ചു ഇന്ന് വിവാഹിതയായിരിക്കാം...കുട്ടികളുടെ അമ്മയായിരിക്കാം...അറിയില്ല...എന്റെ സഹപീഢിതര്‍ പലരും എന്ന് എവിടെയുണ്ടെന്ന് അറിയില്ല...പക്ഷെ എനിക്കുറപ്പുണ്ട്...മോഹന്‍ സാറിനെ ആരും മറന്നിട്ടുണ്ടാവില്ല...പ്രീയപ്പെട്ട ചിഞ്ചൂ നിനക്ക് വേണ്ടി ഞാന്‍ മോഹന്‍സാറിനെ ശപിക്കുന്നു......അയാള്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ല..മരിച്ചെങ്കില്‍ നരകത്തിലെ ഏതെങ്കിലും വറചട്ടിയിലായിരിക്കും....ജീവനോടെയുണ്ടെങ്കില്‍....മോഹനാ എന്തിനായിരുന്നു ഞങ്ങളുടെ നിഷ്‌കളങ്ക ബാല്യത്തില്‍ നീ ഭീതിയുടെ നഞ്ച് കലക്കിയത്?...ഞങ്ങളുടെ പുഞ്ചിരിപ്പൂക്കളെ തല്ലിക്കൊഴിച്ചതിന്.....സ്‌നേഹത്തിന്റെ മധു മാത്രം രുചിച്ച ഞങ്ങളുടെ ചുണ്ടില്‍ വെറുപ്പിന്റെ കാഞ്ഞിരച്ചാറ്പുരട്ടിയതിന്.......സ്‌കൂളിലെ മണിയടിശബ്ദം കേള്‍ക്കുമ്പോള്‍പോലും ഞങ്ങളുടെ ഹൃദയവേഗം കൂട്ടിയതിന് നിന്നെ ഞാന്‍ ശപിക്കുന്നു.......മോഹനാ നായിന്റെ മോനെ...നിന്നെ ഇടിവെട്ടി...പാമ്പുകടിച്ച്...വെണ്ണീറ്തൂളി....മുടിഞ്ഞ്..നാറാണക്കല്ല് പടിച്ച്....നശിച്ച് പോട്ടെ.........നശിച്ച്‌പോട്ടെ........