Thursday 4 March 2010

പെണ്ണുപിടുത്തം

രാത്രി ഒമ്പത് മണിയോടടുത്ത് ലോഡ്ജിന്റെ വാതിലില്‍ മുട്ട് കേട്ട് കതക് തുറന്നു. വി കെ എന്റെ പയ്യനേക്കാളും പ്രായം കുറഞ്ഞ നമ്മുടെ ഒരു സ്വന്തം പയ്യന്‍ തിരി കത്തിക്കയറുന്ന അമിട്ട് പോലെ മുന്നില്‍.
"എന്ത് പറ്റിയെഡെ ആകെ ഒര് പരവേശം...കുളിരുന്ന രാത്രിയില്‍ നീയാകെ വിയര്‍ത്തിരിക്കുന്നല്ലൊ....?"
"അണ്ണാ, ഫ്രാങ്ക്‌ലി സ്പീക്കിങ്ങ്......പെണ്ണ് പിടിക്കണം...!"
"എന്തെഡെ ഇങ്ങനെ ധിടീര്‍ന്ന്....?!"
"ഇനി കണ്‍ട്രോള്‍ ചെയ്യാനാകില്ലണ്ണാ...സിരകളില്‍ ഹോര്‍മോണ്‍സ് അണപൊട്ടിക്കുന്നു...!"
"നിനക്ക് സ്വയം സാന്ത്വനിപ്പിച്ചുകൂടെ....?!"
"സ്വയം സാന്ത്വനിപ്പിച്ച് സ്ന്ത്വനിപ്പിച്ച് ഞാന്‍ ഹൃദിക് റോഷനേപ്പോലെ മസ്സില്‍ മാനായി മാറി.....!"
പയ്യന്‍ ശോകഭാവത്തില്‍ വലതുകയ്യിലെ മസ്സില്‍ ഉരുട്ടിക്കാണിച്ചു.
"സിഡി..ഡി വി ഡി കളുടെ നേര്‍ക്കാഴ്ച്ചകള്‍ നിന്റെ ഉള്ളം തണുപ്പിക്കുമൊ....?" വേദാന്തഗ്രന്ഥങ്ങളുടെയിടയില്‍നിന്നും ഒരു ഡി വി ഡി എടുത്തുകൊണ്ട് ഞാന്‍ ചോദിച്ചു.
പയ്യന്‍ കൈ നീട്ടി വിലക്കിക്കൊണ്ട് പറഞ്ഞു.
"അണ്ണാ എരിതീയില്‍ എണ്ണ ഒഴിക്കരുത്..."
"ശരി...എന്താ നിന്റെ മനോമുകുരത്തില്‍....?"
"ടൗണില്‍ ഒരു ബ്ലാക് തമിഴ് ശെല്‍വിയുണ്ട്...അവിടെ അഭയം പ്രാപിക്കണം....അന്‍പത് ക ആണ് ഫീസ്സ്.....ഭണ്ഡാരം പൊട്ടിച്ച് സംഖ്യ ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട്..."
നാടകത്തിലെ കാര്‍ന്നവരേപ്പോലെ ഞാന്‍ നടുങ്ങി...
"അടാ പാവി...ലിഗയോനീസംഗമം പാപം, പത്ര ചാനല്‍ മാധ്യമാതി വോയര്‍ ആയി ഭവിഷ്യന്തി...എന്ന വേദാന്ത തത്വം നീ മറന്നുവോ...!"
എത്ര പറഞ്ഞിട്ടും പയ്യന്‍ അടങ്ങിയില്ല.ഒടുവില്‍ ഞാന്‍ അവന് കൂട്ട് പോയി. വിലക്കയറ്റത്തോടനുബന്ധിച്ച് തമിഴ് ശെല്‍വി റെയിറ്റ് കൂട്ടിയെന്ന നടുക്കുന്ന വാര്‍ത്തയറിഞ്ഞ പയ്യന്റെ സപ്തനാഡികളും തളര്‍ന്നുപോയി.' ചേച്ചീ...ചേച്ചീ പ്ലീസ് ചേച്ചീ' എന്ന് അവന്‍ തറവരെ താഴുന്നത് കണ്ടപ്പോള്‍ എന്റെ തൊലി ഉരിഞ്ഞ് നിലത്ത് വീണു...'അണ്ണാ ഒന്ന് പറയണ്ണാ...അക്കാാാാ...അക്കാാാ....'.നീണ്ട യാചനക്കൊടുവില്‍ അവര്‍ അവനോട് കരുണ കാട്ടി......രണ്ട് പേരും കുറ്റിക്കാടിന്റെ ഇരുട്ടില്‍ മറഞ്ഞപ്പോള്‍ മനുഷ്യര്‍ എത്ര നിസഹായരാണെന്ന് ഓര്‍ക്കുകയായിരുന്നുഞാന്‍....ഹോര്‍മോണടക്കം എന്തിന്റെയൊക്കെ തടവുകാരാണവര്‍...ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് പയ്യന്‍ തിരിച്ച് വന്നത്. ലോല ഹൃദയനായ പയ്യന്‍ ശെല്‍വിയുടെകൂടെ തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടിയൊ എന്നുവരെ ഞാന്‍ സംശയിച്ചു. തിരിച്ച് പോകുമ്പോള്‍ കാറ്റ് പോയ ബെലൂണ്‍ പോലെ പയ്യന്‍ ബലഹീനനായിരുന്നു. സത്യത്തില്‍ പോയ കാര്യം നടത്താന്‍ അവനായില്ല....പിന്നീടാണ് അവന്‍ അത് എന്നോട് പറഞ്ഞത്...ഒന്നരമണിക്കൂര്‍ സമയം അവള്‍ സംസാരിക്കുകയും കരയുകയും ആയിരുന്നു....ടൗണിലെ ബാറില്‍ ക്ലീനിങ്ങിനുവന്ന ഒരു തമിഴനുമായി അവള്‍ പ്രേമത്തിലായിരുന്നത്രെ...ഇനി ഈ പണിക്ക് പോകേണ്ടെന്നും ചിലവിനുള്ള കാശ് കൊടുത്തോളാമെന്നും അയാള്‍ പറഞ്ഞു. അവള്‍ പരുപാടി നിര്‍ത്തി...ഈ സംഭവം അവളുടെ കസ്റ്റമേഴ്‌സിനെ ശത്രുക്കളാക്കിമാറ്റി...അവര്‍ അവളുടെ കാമുകനെ തല്ലിയോടിച്ചത്രെ....ഇപ്പോള്‍ അയാള്‍ എറണാകുളത്തുള്ള ഏതോ ബാറില്‍ ഉണ്ടെന്ന് അവള്‍ അറിഞ്ഞു...എറണാകുളത്ത് എത്ര ബാറുകള്‍ ഉണ്ട്...അതില്‍ എവിടെപ്പോയാണ് അന്വേഷിക്കേണ്ടത്...അവള്‍ക്ക് അതിനുള്ള അറിവും ശേഷിയും ഇല്ലായിരുന്നു.....
"നീയോന്നും ചെയ്തില്ലെ......?"
ഞാന്‍ ചോദിച്ചു.
"ഉമ്മകൊടുത്തു..."
"എവിടെ...?"
"കവിളില്‍...പക്ഷെ മൊത്തം കണ്ണീരിന്റെ ഉപ്പായിരുന്നണ്ണാ..!"
"കാശ് കൊടുത്തൊ...?"
"ഉം..പക്ഷെ അവള്‍ വാങ്ങിയില്ല...ജോലിചെയ്യാതെ കാശ് വാങ്ങില്ലെന്ന് പറഞ്ഞു...!"
അധികം സംസാരിക്കാതെ ഞങ്ങള്‍ പിരിഞ്ഞു. ഒരാഴ്ച്ച കഴിഞ്ഞാണ് അവന്‍ പിന്നെ റൂമില്‍ വന്നത്.
"നീ എവിടെയായിരുന്നു...കോളെജില്‍ കണ്ടില്ലല്ലൊ....?"
പയ്യന്‍ പുഞ്ചിരിയോടെ ഒരു തുണ്ട് പേപ്പര്‍ നീട്ടിക്കോണ്ട് പറഞ്ഞു.
"ഞാന്‍ എറണാകുളത്തായിരുന്നു...അയാളെ അന്വേഷിച്ച് കണ്ടുപിടിച്ചു...അത് അഡ്ഡ്രസ്സാ...ഇന്ന് രാത്രി ഇത് അവളുടെ കയ്യില്‍ എത്തിക്കണം....അണ്ണന്‍ വരണം....."
"ഞാന്‍ വരില്ല..."
അത് തിരിച്ച് നീട്ടിക്കൊണ്ട്്് ഞാന്‍ പറഞ്ഞു.
"അണ്ണാ എനിക്ക് തന്നെ പോകാന്‍ പേടിയാ...കഷ്ടപ്പെട്ട് കണ്ട് പിടിച്ച അഡ്രസ്സാ....വീട്ടിലറിയാതെ മോതിരം വിറ്റാ ഞാന്‍ എറണാകുളത്തിന് പോയത്....."
ഞാന്‍ അവനെ സഹതാപത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.
"അവളെ മിനിങ്ങാന്ന് നാട്ടുകാര്‍ തല്ലിയോടിച്ചു....അവള്‍ ജീവനുംകൊണ്ട് എങ്ങോ പോയി...."
അവന്‍ എന്റെ നേരേ തുറിച്ച് നോക്കിക്കൊണ്ട് കുറേനേരം മുറിയില്‍ ഇരുന്നു. പിന്നെ ആ പേപ്പര്‍ ചുരുട്ടി മുറിയുടെ മൂലയിലേക്ക് എറിഞ്ഞിട്ട് ഇറങ്ങിപ്പോയി.