Thursday 25 February 2010

അദ്ധ്യാപകന്‍ സാഡിസ്റ്റാകുമ്പോള്‍....

ഗുരുവിനെ ദൈവത്തേപ്പോലെ കാണണമെന്നാണ് ചെറുപ്പംമുതലേ നമ്മെ പഠിപ്പിക്കുന്നത്. സത്യവുമാണ്...പക്ഷെ തെറ്റിധരിക്കപ്പെടുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും ഗുരുവും അദ്ധ്യാപകനും ഒന്നാണെന്നാണ്...സത്യത്തില്‍ അവര്‍ കടലും കടലാടിയും പോലെ വ്യത്യസ്തരാണ്....ഗുരുക്കന്മാര്‍ സത്യദര്‍ശികളത്രെ... അദ്ധ്യാപകര്‍ കുറേ വിവരങ്ങള്‍ ശേഖരിച്ചുവച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടര്‍ പോലെയാണ്. അത്ര മഹത്വമേറിയ വിവരങ്ങളാണ് ഹാര്‍ഡ് ഡിസ്‌കില്‍ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും, മോശപ്പെട്ട ഡേറ്റായാണതെങ്കിലും പ്രോസസറിന്റെ എബിലിറ്റിയെ അതോന്നും ബാധിക്കുന്നില്ല. അതുപോലെ ഒരു മനുഷ്യന്റെ ശാസ്ത്രത്തിലൊ ചരിത്രത്തിലൊ ഒക്കെയുള്ള വിജ്ഞാനം അയാളുടെ വ്യക്തിത്വത്തിന്റെ നിലവാരത്തെ ഉയര്‍ത്തുന്നതായി കാണുന്നില്ല...നേരേമറിച്ച് ഒരാള്‍ എത്ര നാഗരികനാണോ അത്രക്ക് അയാള്‍ മലിനചിത്തനാകുമെന്ന് കാണാം...കാരണം കൂടുതല്‍ നാഗരികനാകുംതോറും അയാള്‍ക്ക് തന്റെ വ്യക്തിജീവിതത്തേക്കാളും സാമൂഹികജീവിതത്തിന്, തന്റെ സൂപ്പര്‍ ഈഗോയിക്ക്്് പ്രാധാന്യം െകാടുക്കേണ്ടിവരുന്നു. എല്ലാ സമൂഹങ്ങളും കള്ളത്തരത്തില്‍ അധിഷ്ടിതമാണ്...നുണയിലാണ് അത് ജീവിക്കുന്നത്...ഒരു മിനിട്ട് എല്ലാ മനുഷ്യരും സത്യം മാത്രം പറഞ്ഞാല്‍ ലോകത്തുള്ള മിക്ക വ്യക്തിബന്ധങ്ങളും തകര്‍ന്നടിയും എന്ന് പറഞ്ഞത് ഫ്രോയിഡ് അമ്മാവനാണെന്നാണ് ഓര്‍മ്മ...അദ്ധ്യാപകര്‍ സമൂഹത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന തൊഴിലാളികളാണ്. ഏതൊരു തൊഴിലും ആത്മാത്ഥമായി അര്‍പ്പണബുദ്ധിയോടെ, ചെയ്യുന്നവര്‍ക്ക് സ്വാഭാവികമായി വന്നുചെരേണ്ട ബഹുമാനത്തേക്കാള്‍ കൂടുതല്‍ ഇവര്‍ ആഗ്രഹിക്കുകയും സമൂഹം അത് നല്‍കുകയും ചെയ്യുന്നു. അപുര്‍വ്വം ചിലര്‍ മാത്രം അത് അര്‍ഹിക്കുന്നുമുണ്ട്.....എന്റെ അനുഭവത്തില്‍ കൂടുതലും കള്ളനാണയങ്ങളാണ്. അദ്ധ്യാപകനായി മാറുവാന്‍ ഒരാള്‍ ആഗ്രഹിക്കുന്നതിനുപിന്നില്‍ ബോധപൂര്‍വ്വവും അബോധപൂര്‍വ്വവുമായ കാരണങ്ങള്‍ പലതുണ്ട്...എന്തുകൊണ്ട് എനിക്ക് ഒരു അദ്ധ്യാപകനാകണം എന്ന് ഒരാള്‍ക്ക് സ്വയവും മറ്റുള്ളവരോടും വിശദികരിക്കുവാന്‍ പറ്റുന്ന കാരണങ്ങള്‍ ആണ് ബോധപൂര്‍വ്വമുള്ള കാരണങ്ങള്‍. കാരണങ്ങള്‍ മിക്കവാറും ഋജുവായതും നല്ലതും ശ്ലാഘനീയവും ഒക്കെയായിരിക്കും, ഇതാണ് എല്ലാവരും പൊതുവായിചര്‍ച്ച ചെയ്യുന്നത്. അബോധകാരണങ്ങള്‍ പലതുണ്ടെങ്കിലും പ്രധാനപ്പെട്ടത് ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ് എന്ന് ഇംഗ്ലീഷില്‍ പറയുന്ന അധമബോധമാണ്. സ്വയം മതിപ്പില്ലായ്മ. മിക്കവരിലും ചെറിയൊരളവിലെങ്കിലും ഇതിന്റെ അംശം കാണാമെങ്കിലും ഇത് ഒരു രോഗാവസ്ഥയില്‍ എത്തിയവര്‍ കാണിക്കുന്ന പ്രഥാനപ്പെട്ട ലക്ഷണമാണ് അധികാരത്തോടുള്ള ആര്‍ത്തി...അവര്‍ രാഷ്ട്രീയക്കാരായി മാറുന്നു. പക്ഷെ അധികാരം നേടണമെങ്കില്‍ ആര്‍ത്തിമാത്രം പോരല്ലോ...പല കഴിവുകളും വേണം.....അങ്ങനെയുള്ളവര്‍ക്ക് പുരോഹിതന്മാരായിമാറാം..ഒരു കഴിവും ഇല്ലെങ്കിലും നിങ്ങള്‍ ആദരിക്കപ്പെടും...രാഷ്രീയത്തില്‍ ശോഭിക്കണമെങ്കില്‍ അഭിനയത്തില്‍ നിപുണനായിരിക്കണം. നവരസങ്ങള്‍ നിക്ഷ്പ്രയാസം മുഖത്ത് വരുത്താന്‍ കഴിയണം...പുരോഹിതനാകുന്നതാണ് എളുപ്പം ഒരേയൊരു രസം മാത്രം പഠിച്ചാല്‍ മതി...എല്ലാമറിയുന്ന ദൈവീകമായ മൃദുമന്ദഹാസം മാത്രം മതി. ഹൃദയത്തിന്റെ അവിശുദ്ധിയും ആത്മാവിലെ ഇരുട്ടും ഒരു ഭാവംകൊണ്ട് മറക്കാന്‍ പഠിച്ചാല്‍ മാത്രം മതി.....

കൊച്ചുകുട്ടികളില്‍ അധികാരം സ്ഥാപിക്കാന്‍ എളുപ്പമാണ്...അദ്ധ്യാപകനായാലും മതി....എല്ലാ അദ്ധ്യാപകരും അധികാരക്കൊതികൊണ്ടാണ് അദ്ധ്യാപനം തിഞ്ഞെടുക്കുന്നത് എന്ന് പറയാന്‍ പറ്റില്ല...ചിലര്‍...അവരേപ്പറ്റിയാണ് പറയുന്നത്..

നാലാം ക്ലാസ്സില്‍ ഞങ്ങളെ കണക്ക് പഠിപ്പിച്ച മോഹന്‍സാര്‍ അങ്ങനെയൊരാളായിരുന്നു. ഒരു യമഹാ ആര്‍ എക്‌സ് ഹണ്‍ഡ്രഡ് ബൈക്കിലാണ് അയാള്‍ സ്‌കൂളില്‍ വന്നിരുന്നത്. വായുവില്‍ ശീല്‍ക്കാരത്തോടെ അയാളുടെ ചൂരലുകള്‍ പുളഞ്ഞു. ഞങ്ങളുടെ ഒമ്പത് വര്‍ഷം മാത്രം വളര്‍ന്ന കുരുന്ന് തുടയിലും ചന്തിയിലും നടുവിലും ചൂരലുകള്‍ വൈദ്യുതി പ്രവഹിപ്പിച്ചു. അയാളുടെ പിര്യഡ് തുടങ്ങുമ്പോഴേ ഞങ്ങളുടെ പിഞ്ചുഹൃദയങ്ങള്‍ പ്രാണഭയത്തോടെ മിടിച്ചിരുന്നു. ചോരയൊലിക്കുന്ന തുടയുമായി എത്രയോ ദിവസങ്ങള്‍ ഞാന്‍ വീട്ടില്‍ കയറിച്ചെന്നിട്ടുണ്ട്....രക്തം പറ്റിയ നിക്കര്‍ അലക്കി മടുത്തപ്പോള്‍ മമ്മി പപ്പായോട് പറഞ്ഞ് ഒരു ലെറ്റര്‍ എഴുതിത്തന്നു...ബഹുമാനപ്പെട്ട മോഹന്‍ സാര്‍, ഇനി എന്റെ മകനെ തല്ലരുത്.......അങ്ങനെ ഒരെഴുത്ത്. പക്ഷെ ഞാന്‍ വീണ്ടും കണക്ക് തെറ്റിച്ചപ്പോള്‍ അയാള്‍ പറഞ്ഞു...നിന്റെ അപ്പന്‍ പറഞ്ഞത് നിന്നെ തല്ലരുതെന്നാ പക്ഷെ നിന്നെ തല്ലാതിരിക്കാന്‍ എനിക്കാവില്ല.....മിനിമം അഞ്ച് അടിയെങ്കിലും ദിവസവും കിട്ടിയിരുന്നു, വീട്ടില്‍ ചെന്ന് ഉറങ്ങുന്നതുവരെ വേദന പോകില്ല...ചോരപൊടിച്ചും തിണര്‍ത്തും കിടക്കുന്ന പാടുകള്‍....ഞാന്‍ അതില്‍ എണ്ണപുരട്ടി കിടന്നുറങ്ങും...വയറ്റില്‍ വേദനയാണെന്ന് പറഞ്ഞ് കുറേനാള്‍ ഞാന്‍ സ്‌കൂളില്‍ പോകാതെ രക്ഷപെട്ടു. അപ്പെന്‍ഡിസൈറ്റിസ് ആണ് ഓപ്പറേഷന്‍ വേണം എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അത്ഭുതകരമായി വേദന ഇല്ലാതായി....മോഹന്‍സാറില്‍നിന്നും രക്ഷപെടാന്‍ ഞങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗവും ഇല്ലായിരുന്നു...ഒടുവില്‍ ഗീവര്‍ഗ്ഗീസ് പുണ്യാളനെ ഞങ്ങള്‍ ശരണം പ്രാപിച്ചു. ഞങ്ങള്‍ അഞ്ചുപേര്‍......കപ്പിലണ്ടി പെറുക്കിവിറ്റും റബ്ബര്‍ക്കാ വിറ്റും വീട്ടില്‍ നിന്ന് മോഷ്ടിച്ചും സമ്പാദിച്ച കുറേ നാണയത്തുട്ടുകള്‍ ഗീവര്‍ഗ്ഗീസ് പുണ്യാളന് നേര്‍ച്ചയിട്ടുകൊണ്ട് പ്രാര്‍ത്ഥിച്ചു. മോഹന്‍സാറിന്റെ കൈ ബൈക്കേന്ന് വീണ് ഒടിയണേ...ഒടിഞ്ഞുപോണേ.....പുണ്യാളന്‍ കുതിരപ്പുറത്തുവന്ന് വലിയ ഒരു ഓന്തിനെ കുന്തത്തിന് കുത്തിക്കൊല്ലുന്ന പള്ളിയിലെ പ്രതിമ ഞങ്ങളുടെ അത്ഭുതാദരവുകള്‍ പിടിച്ചുപറ്റിയിരുന്നു. ഇത്ര വലിയ കാര്യം ചെയ്യുന്ന പുണ്യാളന് ഒരു ബൈക്ക് ആക്‌സിഡന്റ് എത്ര നിസ്സാരം...മോഹനന്‍ ബൈക്കില്‍ പാഞ്ഞുപോകുമ്പോള്‍ കുന്തം ഒന്ന് നീട്ടിക്കൊടുത്താല്‍ പോരെ....നിസ്സാരകാര്യം.....പക്ഷെ ഞങ്ങളുടെ തന്ത്രപൂര്‍വ്വമുള്ള നീക്കം മോഹന്‍സാര്‍ എങ്ങനെയൊ അറിഞ്ഞു...ഞങ്ങളെ തലങ്ങും വിലങ്ങും അയാള്‍ അടിച്ചു...ഗീവര്‍ഗ്ഗീസ്സ് പുണ്യാളനും കാല് വാരിക്കളഞ്ഞു.

എന്റെ മനസ്സില്‍ ചുരലിന് അടികൊണ്ടതുപോലെ തിണര്‍ത്ത് കിടക്കുന്ന ഓര്‍മ്മ ചിഞ്ചു എന്ന പെണ്‍കുട്ടിയെ അയാള്‍ തല്ലിയതിന്റേതാണ്....സാറിന്റെ ഇരിപ്പിടത്തിന്റെ സൈഡില്‍ ചിഞ്ചു നില്‍ക്കുന്നു..ചൂരല്‍ ഓങ്ങിപ്പിടിച്ചുകൊണ്ട് മോഹന്‍സാര്‍ ചോദ്യം ചോദിക്കുന്നു...ചിഞ്ചുവിന്റെ ചുണ്ടും ദേഹവും സ്വരവും വിറക്കുന്നുണ്ട്...കശാപ്പ് ശാലയില്‍ ആടിനെ കൊല്ലുന്നത് മറ്റ് ആടുകള്‍ നോക്കിനില്‍ക്കുന്നതുപോലെ......വിതുമ്പുന്ന...പിടക്കുന്ന ഹൃദയത്തോടെ ഞങ്ങള്‍ സഹപാഠികള്‍ നോക്കിയിരുന്നു...ശീല്‍ക്കാരത്തോടെ ഓരോ അടി വീഴുമ്പോഴും ചിഞ്ചുവിനൊപ്പം ഞങ്ങളും നടുങ്ങി. എട്ടോ പത്തോ അടി കഴിഞ്ഞപ്പോള്‍ പെട്ടന്ന് ഒരടിക്കൊപ്പം ചിഞ്ചുവിന്റെ കാലിലൂടെ മൂത്രം ഒഴുകി....ചിലകുട്ടികള്‍ ഉറക്കെ ചിരിച്ചു...ദേ ചിഞ്ചു മുള്ളി....ആരോക്കയോ പറഞ്ഞു. മോഹന്‍സാര്‍ ആശ്ചര്യ ഭാവത്തില്‍ പുഞ്ചിരിച്ചുകൊണ്ട് താടിയില്‍ ചൂണ്ടുവിരല്‍ ഊന്നി ചിഞ്ചുവിനെ നോക്കിയിരുന്നു. ഭയന്നും നാണംകെട്ടും നനഞ്ഞ് വിറക്കുന്ന ഒരു കിളിക്കുഞ്ഞിനേപ്പോലെ ചിഞ്ചു തലകുനിച്ചുനിന്നു....എന്റെ കൊച്ചുശരീരത്തില്‍ നിന്നും അദൃശ്യനായ എന്റെ ആത്മാവ് പുറത്തേക്ക് കുതറിച്ചാടി...മോഹന്‍സാറിന്റെ ചെവിട്ടത്ത് മാറിമാറി അടിച്ചു.......ഒരു പക്ഷെ ചിഞ്ചു ഇന്ന് വിവാഹിതയായിരിക്കാം...കുട്ടികളുടെ അമ്മയായിരിക്കാം...അറിയില്ല...എന്റെ സഹപീഢിതര്‍ പലരും എന്ന് എവിടെയുണ്ടെന്ന് അറിയില്ല...പക്ഷെ എനിക്കുറപ്പുണ്ട്...മോഹന്‍ സാറിനെ ആരും മറന്നിട്ടുണ്ടാവില്ല...പ്രീയപ്പെട്ട ചിഞ്ചൂ നിനക്ക് വേണ്ടി ഞാന്‍ മോഹന്‍സാറിനെ ശപിക്കുന്നു......അയാള്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ല..മരിച്ചെങ്കില്‍ നരകത്തിലെ ഏതെങ്കിലും വറചട്ടിയിലായിരിക്കും....ജീവനോടെയുണ്ടെങ്കില്‍....മോഹനാ എന്തിനായിരുന്നു ഞങ്ങളുടെ നിഷ്‌കളങ്ക ബാല്യത്തില്‍ നീ ഭീതിയുടെ നഞ്ച് കലക്കിയത്?...ഞങ്ങളുടെ പുഞ്ചിരിപ്പൂക്കളെ തല്ലിക്കൊഴിച്ചതിന്.....സ്‌നേഹത്തിന്റെ മധു മാത്രം രുചിച്ച ഞങ്ങളുടെ ചുണ്ടില്‍ വെറുപ്പിന്റെ കാഞ്ഞിരച്ചാറ്പുരട്ടിയതിന്.......സ്‌കൂളിലെ മണിയടിശബ്ദം കേള്‍ക്കുമ്പോള്‍പോലും ഞങ്ങളുടെ ഹൃദയവേഗം കൂട്ടിയതിന് നിന്നെ ഞാന്‍ ശപിക്കുന്നു.......മോഹനാ നായിന്റെ മോനെ...നിന്നെ ഇടിവെട്ടി...പാമ്പുകടിച്ച്...വെണ്ണീറ്തൂളി....മുടിഞ്ഞ്..നാറാണക്കല്ല് പടിച്ച്....നശിച്ച് പോട്ടെ.........നശിച്ച്‌പോട്ടെ........

6 comments:

  1. ആ പോണത് മോഹൻസാറാണോ? എങ്കിൽ അവന്റെ മണ്ടക്കെറിയുക....

    ReplyDelete
  2. രാജേഷ്‌,
    താങ്കൾ പ്രാർത്ഥിച്ച ഗീവർഗ്ഗീസ്‌ പുണ്യാളനും മോഹൻ സാറിന്റെ കയ്യിൽ നിന്നും ചൂരൽപ്പെട കിട്ടിക്കാണും, അതായിരിക്കാം പുണ്യാളൻ സഹായിക്കാഞ്ഞത്‌.

    അദ്ധ്യാപകരുടെ സാഡിസത്തിലൂടെ, ഒരുപക്ഷെ, ഒരു കുട്ടിയ്ക്ക്‌ നഷ്ടമാകുന്നത്‌ സ്വന്തം ഭാവിയാണ്‌. താൻ ഒരു തിരുമണ്ടനാണെന്ന്, അല്ലെങ്കിൽ തിരുമണ്ടിയാണെന്ന്, സ്വയം തോന്നൽ കുരുന്നുപ്രായത്തിലേ വന്നു തുടങ്ങിയാൽ പല കുട്ടികൾക്കും അതിൽ നിന്നും കരകയറാൻ കുറച്ചധികം ബുദ്ധിമുട്ടേണ്ടിവരും. കുട്ടികളുടെ കണ്ണിലെ ഭീതി കണ്ടാൽ പോലും മനസലിയാത്ത ഇവർ അദ്ധ്യാപനമെന്ന പ്രവൃത്തിക്കു തന്നെ അപമാനമാണ്‌.

    കുറച്ചൊക്കെ പങ്ക്‌ മാതാപിതാക്കൾക്കുമുണ്ട്‌. ഹോംവർക്ക്‌ കൊടുക്കാത്ത സ്കൂളിൽ എൽകെജിയിൽ ചേർക്കാൻ പോലും അച്ഛനമ്മമാർക്ക്‌ മടിയാണ്‌ പലപ്പോഴും. ചൂരൽ പ്രയോഗം കൊണ്ടേ കുട്ടികൾ നന്നാവൂ എന്നൊരു ചിന്ത വെച്ചുപുലർത്തുന്ന ഒരുപാട്‌ അച്ഛനമ്മമാരുണ്ട്‌.

    പക്ഷെ അതൊന്നും ഇത്തരം പീഡനങ്ങൾക്ക്‌ ന്യായീകരണമല്ല. ഈയൊരു അദ്ധ്യാപകനെതിരെ മാതാപിതാക്കൾ പ്രതികരിക്കാതിരുന്നതെന്തുകൊണ്ട്‌ എന്ന് എനിക്ക്‌ മനസിലായില്ല. അടി കൊണ്ട്‌ തുടയിൽ പാടുവരുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടും ഒരു ഗാർഡിയൻ പോലും ഈ പ്രശ്നം പിടിഎ മീറ്റിങ്ങിലോ പ്രധാനാദ്ധ്യാപകനോടൊ സൂചിപ്പിച്ചില്ലെ? അതോ അവർക്കും ഭയമായിരുന്നോ ഈ അദ്ധ്യാപകനെ?

    ReplyDelete
  3. അപ്പൂട്ടാ,
    താമരക്കാട് എന്നാണ് ഞാന്‍ ജനിച്ച വന്‍കരയുടെ പേര്..ഒന്നുമുതല്‍ നാലുവരെയുള്ള ഒരു സ്‌കൂളാണ് അത്. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു വലിയ ഹാള്‍,അതിനെ പലകകൊണ്ട് നാലായി തിരിച്ചിരിക്കുന്നു. ഒരു ക്ലാസ്സില്‍നിന്നുയരുന്ന പീഢനത്തിന്റെ സ്വരങ്ങള്‍ എല്ലാ ക്ലാസ്സുകളിലും കേള്‍ക്കാം. പ്രധാന അദ്ധ്യാപിക ഒരു മഠത്തിലമ്മയായിരുന്നു...എന്നുവച്ചാല്‍ nun..വാക്കിന്റെ അര്‍ത്ഥം ഓര്‍ക്കുമ്പോള്‍ കന്യാസ്ത്രി എന്ന് എഴുതാന്‍ എനിക്ക് തോന്നുന്നില്ല....കുഞ്ഞുങ്ങളുടെ തേങ്ങലുകളും പുളിവാറിന്റെ ശീല്‍ക്കാരങ്ങളും അന്ധയും ബധിരയുമല്ലാത്തതിനാല്‍ അവരും കേട്ടിരിക്കാം.....പക്ഷെ അവര്‍ അന്ധയും ബധിരയുമായിരുന്നു എന്ന്്് ഇന്ന്്് ഞാന്‍ മനസ്സിലാക്കുന്നു....അല്ലാത്തവര്‍ എങ്ങിനെ ഒരു കൊച്ചുകുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ടുനില്‍ക്കും....അടികൊണ്ട വിദ്യയെ അരങ്ങത്തൊള്ളു......തട്ടാന്റെ അടി ഏല്‍ക്കും തോറും സ്വര്‍ണ്ണത്തിന് തിളക്കം കൂടുന്നു....തുടങ്ങിയ പഴഞ്ചൊല്ലുകളാല്‍ അയാളുടെ പീഢനതല്‍പ്പരതയെ അവര്‍ വ്യാഖ്യാനവ്യഭിചാരം ചെയ്ത് മഹത്വപ്പെടുത്തി.....ഓരോ വടി പൊട്ടിപ്പോകുമ്പോഴും ഞങ്ങളേക്കൊണ്ട് തന്നെയായിരുന്നു അയാള്‍ ഞങ്ങളെ തല്ലാനുള്ള വടി വരുത്തിയത്...ചെറിയ വടി ഒടിച്ച് കൊടുത്താല്‍ അതിന് വേറേ കിട്ടും...മോഹനന്‍ ഒരാള്‍ മാത്രമല്ല...പത്തുവര്‍ഷത്തെ സ്‌കൂള്‍ജയില്‍വാസത്തിനിടയില്‍ എത്രയോ മോഹനന്‍മാര്‍ക്ക്്് ഞങ്ങള്‍ ഇരകളായിമാറി....ഈ മോഹനാംശം അടങ്ങാത്ത അദ്ധ്യാപകര്‍ വിരളമായിരുന്നു.... പി ടി എ ഒന്നും അന്നില്ലായിരുന്നെന്ന് തോന്നുന്നു...എന്തായാലും അദ്ധ്യാപകരെ ചോദ്യം ചെയ്യാനുള്ള ധൈര്യമൊന്നും ഞങ്ങള്‍ വെറും സാധാരണക്കാര്‍ എന്നും പറഞ്ഞ് ഊറ്റം കൊള്ളുന്ന നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നില്ല.....പകരം അവര്‍ ഞങ്ങളെ നന്നായി തല്ലാന്‍ പറഞ്ഞു.......

    ReplyDelete
  4. രാജേഷ്‌,
    വായിച്ചു. കിടുങ്ങിപ്പോയി.
    മണ്ടന്മാരും ഭീരുക്കളും സാഡിസ്റ്റുകളുമായ എത്രയോ അധ്യാപകരാണ് ഇന്നും അവരുടെ ചൂരല്‍ വടികള്‍ നഷ്കളങ്കമായ ബാല്യങ്ങള്‍ക്കുമേല്‍ കരുണയില്ലാതെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല.

    അന്ന് നിങ്ങള്‍ വാങ്ങിയ അടികള്‍ക്കുമേല്‍ ഒരു മാഷെന്ന നിലയില്‍ പശ്ചാതാപത്തിന്റെ കണ്ണീരു വീഴ്തുകയല്ലാതെ എന്തുചെയ്യാന്‍?

    ReplyDelete
  5. എനിക്കുമുണ്ടായിരുന്നു ഇത്തരം ചില അനുഭവങ്ങള്‍. ഹിന്ദി പഠിപ്പിച്ചിരുന്ന വര്‍ഗ്ഗീസ് മാഷ്. ബയോളജി എടുത്തിരുന്ന ഫ്രെഞ്ചി. ഒമ്പതാം ക്ലാസ്സിലെ ഏറ്റവും ചെറിയവനായ എന്നെ രണ്ട് മൂന്ന്‍ പ്രാവശ്യം മിസ്റ്റര്‍ കേരള ആയിട്ടുള്ള ഫ്രെഞ്ചി അക്ഷരാര്‍ത്ഥത്തില്‍ പൊക്കിയിട്ട് അടിക്കുമായിരുന്നു. അതൊക്കെ പോട്ടെ, ഒരിയ്ക്കല്‍ ഈ ഫയല്‍‌വാന്‍ ഹനുമാന്‍ എന്നെ ചുമരലമാരയില്‍ എടുത്ത് വച്ച് പൂട്ടി. ഇരുട്ടിന്റെ ഭീകരതയ്ക്കും മേലെ കൂട്ടുകാരുടെ പരിഹാസചിരിയായിരുന്നു അസഹ്യം. വളരെ കുറച്ച് പേരോടേ പ്രതികാരം ചെയ്യണമെന്ന്‍ ആഗ്രഹിച്ചിട്ടുള്ളൂ. എന്നെകിലും ഒരു ദിവസം അയാള്‍ എന്നേക്കാളും ബലഹീനനാകുകയും ഞാന്‍ അയാളെ ഒരു പെട്ടിയിലിട്ട് പൂട്ടുകയും ചെയ്യുന്നത് ഞാന്‍ ഇടയ്ക്ക് സ്വപ്നം കാണുമായിരുന്നു..

    പണ്ട് വല്ല്യമ്മാവന്റെ വീട്ടില്‍ റ്റ്യൂഷനെടുക്കാന്‍ ഒരു മധു മാഷ് വരും. അങ്ങേരുടെ കയ്യില്‍ ഒരഞ്ചാറ്‌ ചൂരലെങ്കിലും കാണും. അയാള്‍ വന്നു കഴിഞ്ഞാല്‍ പിന്നെ അമ്മവന്റെ വീട് പണ്ടത്തെ കക്കയം ക്യാമ്പ് പോലെ. ഇങ്ങനെ പിള്ളാരെ തല്ലുന്ന ഒരു മാഷിനെ ഞാന്‍ കണ്ടിട്ടില്ല. അമ്മാവനു നാലു ആണ്മക്കളാ. മധുമാഷിന്‌ ഇരുട്ടടി കൊടുക്കുന്ന കാര്യമൊക്കെ ഞങ്ങള്‍ സീരിയസ്സായിട്ട് ചര്‍ച്ച ചെയ്യുമായിരുന്നു. ഒന്നും നടന്നില്ലെന്ന്‍ മാത്രം. എത്ര തല്ലു കൊണ്ടിട്ടും ആരും കാര്യമായി പഠിച്ചില്ല. മൂത്തവന്‍ പിന്നെ പഞ്ചാബ് പൊലീസില്‍ ചേര്‍ന്ന്‍ സാവധാനം പരീക്ഷകളെഴുതി ഇപ്പോള്‍ സി ഐ ആയി. അപ്പോള്‍ കഴിവില്ലാതെ അല്ല അന്ന്‍ പഠിക്കാതിരുന്നത്. റ്റ്യൂഷന്‍ സമയം അടുക്കും തോറും കിട്ടാന്‍ പോകുന്ന അടി മാത്രമായിരിക്കും മനസ്സില്‍. ആ ഭീകരത ആരേയും പെട്ടെന്ന്‍ പറഞ്ഞ് മനസ്സിലാക്കാന്‍ എളുപ്പമല്ല. അനുഭവിച്ച് തന്നെ അറിയണം.

    പീഢിക്കപ്പെട്ട/പെടുന്ന എല്ലാ കുഞുങ്ങള്‍ക്കു വേണ്ടിയും രാജേഷിന്റെ കൂടെ ചേര്‍ന്ന്‍ ഞാനും ആഭിചാരത്തില്‍ പങ്കാളിയാകുന്നു. എല്ലാ മോഹനന്‍ മാഷുമ്മാരും മധു മാഷുമ്മാരും ഫ്രെഞ്ചി മാഷുമ്മാരും ഭസ്മമായി പോകട്ടെ! ഭും! സ്വാഹ!

    ReplyDelete
  6. വിദ്യാഭ്യാസമേഖലയെ കണലെടുത്ത മടലുപോലെയാക്കിക്കൊടുത്തതാണ് നമ്മുടെ അദ്ധ്യാപഹയ സമൂഹത്തിന്‍റെ മുന്തിയ സംഭാവന. തന്തപ്പടിയുടെ മടിക്കുത്തിന്‍റെ ബലത്തില്‍ അദ്ധ്യാപകനായവരില്‍ നിന്നും കൂടുതലായെന്ത് പ്രതീക്ഷിക്കാന്‍.

    ReplyDelete